
പല കാര്യങ്ങളും തനിക്കറിയാമെന്നും എല്ലാം തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ സിപിഎം വേദിയിൽ പോയതിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. താൻ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയാറാണെന്നും റിനി പറഞ്ഞു. സിപിഎം നേതാവ് കെ.ജെ.ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ റിനിയും പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് റിനിയെ ഷൈൻ സിപിഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തു.
എന്നാൽ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ല പരിപാടിയിൽ പങ്കെടുത്തതെന്ന് റിനി പറഞ്ഞു. ‘‘സ്ത്രീപക്ഷ നിലപാടാണ് എനിക്ക്. അതു സംസാരിക്കുന്നതിനു വേദിയൊരുങ്ങിയപ്പോളാണ് പോയി സംസാരിച്ചത്. ഇനിയും അത്തരം വേദികളിൽ പോകും. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. സിപിഎം വേദിയിൽ പോയത് വിവാദമാക്കേണ്ട ആവശ്യമില്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരായ പരിപാടി ആയിരുന്നു. ഒരു പാർട്ടിക്കെതിരെയും അവിടെ ഞാൻ സംസാരിച്ചിട്ടില്ല. ഇത്തരം പരിപാടിയിലേക്ക് ആരു ക്ഷണിച്ചാലും പോകും’’ –റിനി പറഞ്ഞു.