
പലസ്തീൻ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി സമാധാനപരമായ പരിഹാരം ലക്ഷ്യമിട്ടുള്ള ഉന്നതതല സമ്മേളനത്തിന് യുഎഇ നേതൃത്വം നൽകി. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ 80-ാമത് സെഷന്റെ ഭാഗമായി നടന്ന പലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും വേണ്ടിയുള്ള രാജ്യാന്തര സമ്മേളനത്തിൽ യുഎഇയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
പലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് ദ്വിരാഷ്ട്ര ഫോർമുല അനിവാര്യമാണെന്ന് സമ്മേളനം അടിവരയിട്ടു. രാജ്യാന്തര അതിർത്തികളുള്ള സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം നിലവിൽ വന്നാൽ മാത്രമേ ഇസ്രയേലിനും പലസ്തീനും മേഖലയ്ക്കും സമാധാനപരമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് യുഎഇ വ്യക്തമാക്കി.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുന്നത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. ദശാബ്ദങ്ങളായി നീണ്ടുനിൽക്കുന്ന ഈ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം അല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ഈ നീക്കങ്ങൾ വ്യക്തമാക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുടെ നേതൃത്വത്തെ യുഎഇ അഭിനന്ദിച്ചു.