ublnews.com

ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു. ദുബായ് ലാൻഡിൽ 72,000 ചതുരശ്ര മീറ്ററിൽ വൃത്താകൃതിയിൽ സജ്ജമാക്കിയ ഉദ്യാനത്തിൽ 120 ഇനത്തിൽപെട്ട 15 കോടിക്കണക്കിന് പൂക്കളാണുള്ളത്.

പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച വ്യത്യസ്ത ആകൃതിയിലുള്ള ഗോപുരങ്ങൾ, കൂറ്റൻ വിമാനം, മൃഗരൂപങ്ങൾ, തോരണങ്ങൾ തുടങ്ങി പൂന്തോട്ടത്തിന്റെ ഓരോ കോണിലും പുതുമ നിറച്ചാണ് സന്ദർശകരെ ഇത്തവണ സ്വാഗതം ചെയ്യുന്നത്. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളും ഒട്ടേറെ. ഇതിനകം ഒട്ടേറെ ലോക റെക്കോർഡുകൾ സ്വന്തമാക്കിയ മിറക്കിൾ ഗാർഡൻ ഇത്തവണ മേയ്31 വരെ സന്ദർശകരെ സ്വീകരിക്കും. ഇതോടനുബന്ധിച്ച് വ്യത്യസ്ത പ്രദർശനങ്ങൾ ഉണ്ടായിരിക്കും.

പ്രധാന കുടുംബ വിനോദ കേന്ദ്രമെന്ന ഖ്യാതി നിലനിർത്തുംവിധം പുഷ്പിക്കുന്ന അത്ഭുതങ്ങൾ, അവിസ്മരണീയ ഓർമകൾ തുടങ്ങി പ്രത്യേക പ്രമേയങ്ങളിലാണ് വർണപൂക്കൾ വിരിയിച്ചെടുത്തത്. 2013ൽ ആരംഭിച്ച ഗാർഡനിൽ വർഷംതോറും ലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്.

മിറക്കിൾ ഗാർഡൻ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് തായിബ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ ഹംദാൻ അഷ കാബി, സിഇഒ എൻജിനീയർ മുഹമ്മദ് സഹർ ഹമ്മാദിഹ് തുടങ്ങിയവർ പങ്കെടുത്തു.

പ്രവേശന സമയം
∙ തിങ്കൾ-വെള്ളി: രാവിലെ 9 മുതൽ രാത്രി 9വരെ.
∙ ശനി-ഞായർ, പൊതു അവധി ദിനം: രാവിലെ 9 മുതൽ രാത്രി 11 വരെ.
ടിക്കറ്റ് നിരക്ക്
∙ 12 വയസ്സിനു മുകളിലുള്ളവർക്ക് 105 ദിർഹം
∙ 3 മുതൽ 12 വയസ്സ് വരെ 84 ദിർഹം
∙ 3 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top