
ദുബായ്: ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. 26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പോലീസ് പിടിച്ചെടുത്തു. ഏഴംഗ ക്രിമിനൽ സംഘത്തെയും പോലീസ് പിടികൂടി. മാരക രാസ ലഹരിയായ ക്രിസ്റ്റൽ മെത്ത്, ഹഷീഷ് ഓയിൽ, കഞ്ചാവ് എന്നിവ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയവയിൽ ഉൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു.
സംഘത്തെ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ളയാളാണ്.പ്രതികളെല്ലാം ഏഷ്യൻ വംശജരാണ്. പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവർ മയക്കുമരുന്നുകൾ ഉപേക്ഷിച്ചിരുന്നത് പലയിടങ്ങളിലായിട്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് പ്രതികൾ പിടിയിലായത്. ദിവസങ്ങളായി ഒന്നാം പ്രതിയുടെ നീക്കങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് കൈവശം വെച്ചതായി കണ്ടെത്തി.
രണ്ടിടങ്ങളിലായി ഒരു കിലോഗ്രാം മയക്ക്മരുന്ന് അടങ്ങുന്ന പാക്കറ്റുകൾ വിതരണം ചെയ്യാൻ വിദേശത്തു നിന്നുള്ള സംഘത്തലവന്‍റെ നിർദേശം ഇയാൾക്ക് ലഭിച്ചിരുന്നു. ഇത് മനസിലാക്കിയ പൊലീസ് നടത്തിയ ആസൂത്രിത നീക്കമാണ് ബാക്കിയുള്ള ആറ് പേരുടെയും അറസ്റ്റിലേക്ക് നയിച്ചത്. രണ്ട് വിത്യസ്ത സ്ഥലങ്ങളിലായി ഇയാൾ ഒളിപ്പിച്ച മയക്ക്മരുന്ന് എടുക്കാനായി എത്തുമ്പോഴാണ് ആറ് പേരും പിടിയിലാകുന്നത്.