ublnews.com

ദുബായിലെ മൂന്ന്​ സാമ്പത്തിക മേഖലകൾക്ക്​ റെക്കോഡ്​ നേട്ടം

ദുബായ് : എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന്​ പ്രത്യേക സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ വർഷത്തെ വ്യാപാരം റെക്കോഡ്​ നേട്ടം കൈവരിച്ചു. ദുബായ് എയർപോർട്ട്​ ഫ്രീ സോൺ, ദുബായ് സിലിക്കൺ ഒയാസിസ്​, ദുബായ് കോമർസിറ്റി എന്നിവിടങ്ങളിലായി കഴിഞ്ഞ വർഷം 33,600 കോടി ദിർഹമിന്‍റെ വ്യാപാരമാണ്​ നടന്നതെന്ന്​ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വെളിപ്പെടുത്തി.

ദുബായ് ഇന്‍റഗ്രേറ്റഡ്​ എകണോമിക്​ സോൺസ്​ അതോറിറ്റിക്ക്​ കീഴിലാണ്​ ഈ സാമ്പത്തിക മേഖലകൾ പ്രവർത്തിക്കുന്നത്​. 2023നെ അപേക്ഷിച്ച്​ 19ശതമാനം വർധനവാണ്​ കഴിഞ്ഞ വർഷത്തെ വ്യാപാരത്തിലുണ്ടായിരിക്കുന്നത്​. ദുബൈയുടെ എണ്ണയിതര വ്യാപാരത്തിലെ 13.7 ശതമാനം ദുബായ് ഇന്‍റഗ്രേറ്റഡ്​ എക്കണോമിക്​ സോൺസ്​ അതോറിറ്റിയാണ്​ നേടിയിട്ടുള്ളത്​. ഇതുവരെയുള്ള വർഷങ്ങളിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്​.

നാലു വർഷത്തെ തുടർച്ചയായ വളർച്ചയാണ്​ സാമ്പത്തിക മേഖലകളിൽ രേഖപ്പെടുത്തുന്നത്​. സുപ്രധാന ആഗോള വിപണികളുമായുള്ള പങ്കാളിത്തത്തിലൂടെ ചരക്കുകളുടെയും സേവനങ്ങളുടെയും വർധിച്ച വ്യാപാരമാണ്​ നേട്ടത്തിന്​ കാരണമായത്​. കഴിഞ്ഞ വർഷം ദുബൈയിൽ എണ്ണയിതര വിദേശ വ്യാപാരം റെക്കോർഡ്​ നേട്ടം കൈവരിച്ചിരുന്നു.

2024ൽ ദുബൈ സാമ്പത്തിക മേഖലകളിലെ വ്യാപാരം വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിലധികം ഉയർന്ന് 444,300 ടണ്ണിലെത്തിയിട്ടുണ്ട്​. 2023ൽ വ്യാപാരം 346,700 ടൺ ആയിരുന്നു. 2024 ലെ മികച്ച പ്രകടനം നഗരത്തിന്റെ ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങളെ മാത്രമല്ല, നിരന്തരം നവീകരിക്കാനും വളർച്ചക്കുള്ള പുതിയ വഴികൾ തുറക്കാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുമുള്ള അതിന്റെ കഴിവിനെയും സൂചിപ്പിക്കുന്നുവെന്ന്​ ശൈഖ്​ ഹംദാൻ പറഞ്ഞു.

വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക മേഖലകളുടെ തടസ്സമില്ലാത്ത സംയോജനം, വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്​ നടപ്പിലാക്കിയ നൂതന സംവിധാനങ്ങൾ എന്നിവയാണ് നേട്ടത്തിന് കാരണമായത്​.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top