ublnews.com

ദുബായിയെ കണ്ടുപഠിച്ച് സ്മാർട്ടാകാൻ ചൈന

റെഡ് കാർപറ്റ് അടക്കമുള്ള സ്മാർട്ട് ഇമിഗ്രേഷൻ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ പഠിക്കാനായി ചൈനയുടെ നാഷനൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷനിൽനിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ദുബായ് സന്ദർശിച്ചു. ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ചൈനീസ് സംഘത്തെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3ൽ സ്വീകരിച്ചത്.

യാത്രാ നവീകരണത്തിൽ ദുബായ് അവതരിപ്പിച്ച ഏറ്റവും പുതിയ സംവിധാനമായ “റെഡ് കാർപെറ്റ് ഇമിഗ്രേഷൻ കോറിഡോർ” അടക്കമുള്ള നൂതന സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ ആദ്യത്തെ സ്മാർട്ട് കോറിഡോർ ആയ “റെഡ് കാർപെറ്റ്” യാത്ര രേഖകളൊന്നും കാണിക്കാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരെ അനുവദിക്കുന്നു. അത്യാധുനിക നിർമിതബുദ്ധി(എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നിലധികം യാത്രക്കാരെ ഒരേ സമയം പ്രോസസ്സ് ചെയ്യാൻ ഇതിന് കഴിയും.

ജിഡിആർഎഫ്എ ദുബായ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശകർക്കായി തുറന്നു കാണിച്ചു. ഇന്റലിജന്റ് മോണിറ്ററിങ്, ഡേറ്റ അനലിറ്റിക്സ് സംവിധാനങ്ങൾ, കാത്തിരിപ്പ് സമയം 40% കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യകൾ, സുരക്ഷാ നടപടികൾ, യാത്രക്കാരുടെ മുൻകൂർ പരിശോധനാ സംവിധാനം എന്നിവ വിശദീകരിച്ചു. 9 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പുതിയ തലമുറ സ്മാർട്ട് ഗേറ്റുകൾ, ദുബായ് രാജ്യാന്തര വിമാനത്താവളത്തെ കാര്യക്ഷമതയിൽ ഒരു ആഗോള മാതൃകയാക്കി മാറ്റുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top