
ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില തടഞ്ഞ ഇസ്രയേൽ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ആഞ്ഞടിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായുമാണ് സ്പെയിന്, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങള്‍ വിലയിരുത്തിയത്.
ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയില്‍ പങ്കെടുക്കുന്നതിനിടെ അന്താരാഷ്ട്ര ജലാശയങ്ങളില്‍ തങ്ങളുടെ പൗരന്മാരെ തടഞ്ഞുവച്ചതിനെ മെക്സിക്കോയും കൊളംബിയയും അപലപിച്ചുഫ്ലോട്ടില്ല പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ലാറ്റിന്‍ അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി. കപ്പല്‍ വ്യൂഹത്തെ തടഞ്ഞതില്‍ ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എല്‍ ഇന്ന് രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്ലോട്ടിലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയില്‍ നിന്നുള്ള മുഴുവന്‍ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. ഫ്ലോട്ടിലക്ക് ഐക്യദാര്‍ഢ്യവുമായി ഫലസ്തീന് പതാകയേന്തി ഡസന്‍ കണക്കിന് തുര്‍ക്കി ബോട്ടുകളാണ് ഹതായ് തീരത്ത് യാത്ര ചെയ്തത്. സ്പാനിഷ് നഗരമായ ബാഴ്സലോണയിലും പ്രതിഷേധത്തിര ആഞ്ഞടിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് തെരുവുകളില്‍ നിരന്നത്. പ്രതിഷേധം രാത്രി വൈകിയും തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ഇറ്റാലിയന്‍ പ്രധാമന്ത്രി ജോര്‍ജിയ മെലോനി, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യ, തുര്‍ക്കി വിദേശകാര്യ മന്ത്രാലയം, ഇസ്രയേലിന്റെ സഖ്യ കക്ഷിയായ ജര്‍മനി, വെനസ്വലന്‍ വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍, അയര്‍ലന്റ് വിദേശകാര്യ മന്ത്രി സിമോണ്‍ ഹാരിസ് എന്നിവര്‍ ഇസ്രയേൽ നടപടിയെ അപലപിച്ചു. ഫ്ളോടില്ലയിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇസ്രയേലിനോട് ജര്‍മനി ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നുമായി പുറപ്പെട്ട ഗ്ലോബല്‍ സമുദ് ഫോടില്ല (ജി.എസ്.ഫ്) ദൗത്യസംഘത്തില്‍ ഇസ്രയേൽ പിടിച്ചെടുക്കാതെ ശേഷിക്കുന്ന ഏക കപ്പല്‍ യാത്ര തുടരുന്നതായാണ് റിപ്പോര്‍ട്ട്. മാരിനെറ്റ് എന്ന് പേരിട്ട സംഘം ഹൈറിസ്ക് സോണില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. ആറ് യാത്രികരാണ് ബോട്ടിലെന്നാണ് സൂചന. പോളിഷ് പതാകയും വഹിച്ചാണ് യാത്ര.