
ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ (ജി.എസ്.എഫ്) കപ്പലുകളെ തടഞ്ഞ് ഇസ്രയേൽ . സായുധരായ ഇസ്രയേൽ നാവിക സേന ബോട്ടുകളിലേക്ക് അതിക്രമിച്ച കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇസ്രയേൽ സേന കപ്പലില്‍ അതിക്രമിച്ച് കയറുന്നതത് സുമുദ് ഫ്ലോട്ടില്ല എക്‌സില്‍ പങ്കുവെച്ച് ദൃശ്യങ്ങളില്‍ കാണാം.
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഗസ്സയില്‍നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് ഫ്ലോട്ടില്ലകളെ തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഗ്രെറ്റ ഉള്‍പെടെ ആക്ടിവിസ്റ്റുകള്‍ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇസ്‌റാഈല്‍ അറിയിച്ചു.
ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായ നിരവധി കപ്പലുകള്‍ സുരക്ഷിതമായി തടഞ്ഞു നിര്‍ത്തിയതായും കപ്പലിലുണ്ടായിരുന്നവരെ ഇസ്രയേൽ തുറമുഖത്തേക്ക് തിരിച്ചുവിട്ടതായും ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഗതി മാറി സഞ്ചരിക്കണമെന്നും ആക്ടിവിസ്റ്റുകള്‍ക്ക് ഇസ്രയേൽ നാവിക സേന അറിയിപ്പ് നല്‍കിയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഗസ്സ സമയം രാത്രി 8:30 ഓടെ (1730 GMT), അല്‍മ, സിറിയസ്, അദാര എന്നിവയുള്‍പ്പെടെ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ നിരവധി കപ്പലുകള്‍ അന്താരാഷ്ട്ര ജലത്തില്‍ ഇസ്രയേൽ അധിനിവേശ സേന നിയമവിരുദ്ധമായി തടഞ്ഞുനിര്‍ത്തി’ ഫ്‌ലോട്ടില്ല പറഞ്ഞതായി AFP റിപ്പോര്‍ട്ട് ചെയ്തു. അല്‍മ, സിറിയസ്, അഡാര എന്നീ കപ്പലുകളെയാണ് ഇസ്‌റാഈല്‍ സേന തടഞ്ഞതെന്ന് സുമുദ് ഫ്‌ളോട്ടില്ല പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേൽ നാവിക സേന കപ്പലുകളില്‍ പ്രവേശിച്ച് തത്സമയ ആശയവിനിമയം വിഛേദിച്ചതായി ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല സ്ഥിരീകരിച്ചു.
44 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിലധികം ചെറുകപ്പലുകളുടെ കൂട്ടമാണ് ഫ്ലോട്ടില്ല. ഗസ്സയിലെ ഇസ്രയേലിന്റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ല സ്പെയ്നിലെ ബാഴ്സലോണയില്‍ നിന്നും യാത്ര ആരംഭിച്ചത്. പാര്‍ലമെന്റംഗങ്ങള്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 300ലധികം പേര്‍ കപ്പലില്‍ ഉണ്ട്. വ്യാഴാഴ്ച രാവിലെ സഹായവുമായി ഗസ്സയില്‍ ഫ്ലോട്ടില്ല എത്തും എന്നായിരുന്നു പ്രതീക്ഷ. ഇന്നലെ ഗസ്സ തീരത്തോട് അടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്ലോട്ടില്ല പുറത്തുവിട്ടിരുന്നു