ublnews.com

കാൽനട പാതയിലൂടെ വാഹനം ഓടിച്ചു ; പിടിച്ചെടുത്ത് ഷാർജ പൊലിസ്

കാൽനട യാത്രികരുടെ പാതയിലൂടെ ഓടിച്ച വാഹനം ഷാർജ പൊലിസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും വിധം വാഹനം ഓടിച്ചതിനാണ് ഇയാളുടെ വാഹനം പിടിച്ചെടുത്തത്.

അധികൃതർ ഷെയർ ചെയ്ത വീഡിയോയിൽ, വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്ത് കാൽനട യാത്രികരുടെ പാതയിലൂടെ പോകുന്ന കാർ കാണാം. കാർ വരുന്നത് കണ്ട് വഴി മാറി കൊടുക്കുന്ന കാൽനട യാത്രക്കാരെയും വീഡിയോയിൽ കാണാം.

വാഹനം തിരിച്ചറിഞ്ഞ ഷാർജ പൊലിസ് കാർ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തതായി ഷാർജ പൊലിസ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലിസ് അറിയിച്ചു.

ഇത്തരം അശ്രദ്ധമായ പെരുമാറ്റം പൊതു സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തം വഹിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തവരെ പൊലിസ് പ്രശംസിക്കുകയും, സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഗതാഗത നിയമങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അവരുടെ നിരന്തര പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top