
ഒമാനും യുനൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സർവിസുകൾ ഒരുക്കുന്നതിനായി അസ്യാദ് ഗ്രൂപ്പിന്റെ ഭാഗമായ അസ്യാദ് ലോജിസ്റ്റിക്സുമായി ഹഫീത് റെയിൽ കരാർ ഒപ്പുവെച്ചു. ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന പ്രത്യേക തരം റെയിൽ ഗതാഗത സംവിധാനമാണ് ഇന്റർമോഡൽ ട്രെയിൻ. വിവിധ ഗതാഗത മാർഗങ്ങൾ (റെയിൽ, റോഡ്, കടൽ) സംയോജിപ്പിച്ച് ചരക്കുകൾ കാര്യക്ഷമമായും ചെലവ് കുറഞ്ഞ രീതിയിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നു.
റെയിൽ, മൊബിലിറ്റി, ലോജിസ്റ്റിക്സ് എന്നിവക്കുള്ള ലോകത്തിലെ മുൻനിര പ്ലാറ്റ്ഫോമുകളിലൊന്നായ ഗ്ലോബൽ റെയിൽ 2025ൽ ആണ് കരാറിലെത്തിയത്. റെയിൽ ഗതാഗതം മുതൽ തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, ഏകീകരണം, ചരക്ക് ഗതാഗതത്തിന്റെ അവസാന ഘട്ടമായ മൈൽ ഡെലിവറി എന്നിവ കരാറിൽ ഉൾപ്പെടും.
ആസ്യാദ് ലോജിസ്റ്റിക്സുമായി അടുത്ത പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ ഓരോ ഘട്ടവും കാര്യക്ഷമവും സുസ്ഥിരവുമായ സേവനത്തിലേക്ക് സംയോജിപ്പിക്കപ്പെടുന്നുവെന്ന് ഹഫീത് റെയിൽ ഉറപ്പാക്കും. ഈ കരാർ വ്യാപാരത്തിനുള്ള പുതിയ അവസരങ്ങൾ തുറക്കുകയും കണ്ടെയ്നർ പ്രവാഹങ്ങൾക്ക് വിശ്വസനീയമായ ശേഷി ഉറപ്പാക്കുകയും പ്രാദേശിക ലോജിസ്റ്റിക്സിലെ കാര്യക്ഷമതക്കും സുസ്ഥിരതക്കും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യും.