
ദുബായ്, അബുദാബി എമിറേറ്റിന് പിന്നാലെ എയർ ടാക്സി സർവീസ് പ്രഖ്യാപിച്ച് റാസൽഖൈമ. ദുബായിൽ നിന്ന് 15 മിനിറ്റിനകം റാസൽഖൈമയിൽ പറന്നെത്താവുന്ന എയർ ടാക്സി സേവനം രണ്ടു വർഷത്തിനകം ആരംഭിക്കും.
2026ലെ പരീക്ഷണയോട്ടം വിജയിച്ചാൽ 2027ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് എയർ ടാക്സി ഓപ്പറേറ്ററായ ജോബി ഏവിയേഷനും യുകെ ആസ്ഥാനമായുള്ള സ്കൈ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുക.
എമിറേറ്റിന്റെ ഗതാഗത ചരിത്രത്തിലെ സുപ്രധാന ഘട്ടത്തിന്റെ കരാർ ഒപ്പുവയ്ക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും എത്തിയിരുന്നു. ആദ്യഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റാസൽഖൈമ അൽമർജാൻ ഐലൻഡിലേക്കാകും സേവനം. പിന്നീട് എമിറേറ്റിന്റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. 4 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എയർ ടാക്സി മണിക്കൂറിൽ 321 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും.
റാസൽഖൈമ ട്രാൻസ്പോർട്ടും സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ച്ചറും ജോബി ഏവിയേഷനും ചേർന്ന് എയർ ടാക്സി സേവന കരാറിൽ ഒപ്പുവച്ചു. റാസൽഖൈമ മൊബിലിറ്റി പ്ലാൻ 2030-ന്റെ വിപുലീകരണം ലക്ഷ്യമിട്ടാണ് പങ്കാളിത്തമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മാഈൽ ഹസൻ അൽ ബലൂഷി പറഞ്ഞു. എമിറേറ്റിലെ താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യം നിറവേറ്റാൻ വേഗമേറിയതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം ജീവിത നിലവാരം ഉയർത്തുമെന്ന് അൽബലൂഷി പറഞ്ഞു. ദുബായിലും അബുദാബിയിലും എയർടാക്സി സേവനം അടുത്ത വർഷം ആരംഭിക്കും.