
ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ. ചർച്ചകൾ പൂർത്തിയായെന്നും ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും ഇന്ത്യയിലെ ഒമാൻ അംബാസഡർ പറഞ്ഞു. 2023ൽ ആണു ചർച്ചകൾ ആരംഭിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഒമാൻ.
2024-25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികമായിരുന്നു. ഇതിൽ 406 കോടി ഡോളർ കയറ്റുമതിയും 655 കോടി ഡോളർ ഇറക്കുമതിയുമാണ്. പെട്രോളിയം ഉൽപന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി. മൊത്തം ഇറക്കുമതിയുടെ 70 ശതമാനത്തിലേറെയും ഇവയാണ്. ജിസിസിയിലെ മറ്റൊരു അംഗമായ യുഎഇയുമായി ഇന്ത്യയ്ക്ക് സമാനമായ കരാർ നിലവിലുണ്ട്. 2022 മേയിലാണ് ഇത് പ്രാബല്യത്തിൽ വന്നത്.