ublnews.com

ഇത്തിഹാദ് ട്രെയിനിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; സർവീസ് തുടങ്ങാൻ ഇനി മാസങ്ങൾ

യുഎഇയിലെ ​ഗതാ​ഗത രം​ഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ഇത്തിഹാദ് ട്രെയിനിന്റെ ചിത്രങ്ങൾ പുറത്ത്. ഇ​ത്തിഹാദ് റെയിൽ നിലവിൽ വരുന്നതോടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് വെറും 57 മിനിറ്റിൽ എത്താം. 2026-ഓടെ യുഎഇയിൽ ഇത്തിഹാദ് റെയിൽ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അബൂദബിയിൽ നടന്ന ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ് ഇത്തിഹാദ് റെയിൽ അവരുടെ പാസഞ്ചർ ട്രെയിനുകളുടെ ഡിസൈൻ ആദ്യമായി അനാവരണം ചെയ്തത്. കറുപ്പും ചുവപ്പും നിറങ്ങളിൽ തിളങ്ങുന്ന ഇത്തിഹാദ് റെയിൽ ലോഗോയുള്ള വെള്ളിനിറത്തിലുള്ള ട്രെയിൻ ക്യാബിന്റെ മാതൃക കോൺഫറൻസിൽ പ്രദർശിപ്പിച്ചു. ഇത് ഒരു പ്രോട്ടോടൈപ്പ് മാത്രമാണെങ്കിലും, യഥാർത്ഥ ട്രെയിനുകൾ ഇതിനെക്കാൾ മികച്ചതായിരിക്കുമെന്ന് ഉറപ്പാണ്.

ഇത്തിഹാദ് ട്രെയിനുകളിൽ മൂന്ന് തരം ക്യാബിനുകൾ ഉണ്ടാകും. ഇക്കണോമി ക്ലാസ്, കുടുംബങ്ങൾക്കായുള്ള ഫാമിലി സ്പേസ്, ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസുകളാകും ഉണ്ടാകുക. ഇക്കണോമി ക്ലാസിൽ കടും ചാരനിറത്തിലുള്ള സീറ്റുകളാകും ഉണ്ടാകുക. ഫാമിലി സ്പേസിൽ പരസ്പരം അഭിമുഖമായ സീറ്റുകളും നടുവിൽ നീളമുള്ള ടേബിളും ഉണ്ടാകും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വിശാലവും ക്രമീകരിക്കാവുന്നതുമായ സീറ്റുകളാകും ഉണ്ടാകുക. എല്ലാ സീറ്റുകൾക്കും പിന്നിൽ ട്രേ ടേബിളുകളും ലഗേജിനായി ഓവർഹെഡ് സ്റ്റോറേജും ഉണ്ടാകും. വലിയ ലഗേജുകൾക്ക് പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർ ഓട്ടോമേറ്റഡ് ബാരിയറിൽ ടിക്കറ്റുകൾ സ്കാൻ ചെയ്ത് സ്റ്റേഷനിൽ പ്രവേശിക്കണം. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം, അല്ലെങ്കിൽ സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ ഉപയോഗിക്കാം. കറുപ്പും ചാരനിറവുമുള്ള ഈ മെഷീനുകൾ ബാങ്ക് നോട്ടുകൾ, കാർഡുകൾ, ആപ്പിൾ പേ എന്നിവ സ്വീകരിക്കും. യാത്രക്കാർക്ക് ഇഷ്ടമുള്ള ക്ലാസും ലക്ഷ്യസ്ഥാനങ്ങളും തിരഞ്ഞെടുക്കാം.

യാത്രാ സമയവും വേഗതയും

ആദ്യ ഘട്ടത്തിൽ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക.

അബൂദബി-ദുബൈ: 57 മിനിറ്റ്
അബൂദബി-ഫുജൈറ: 100 മിനിറ്റ്
അബൂദബി-റുവൈസ്: 70 മിനിറ്റ്
ഓരോ ട്രെയിനിലും ഏകദേശം 400 സീറ്റുകൾ ഉണ്ടാകും. രണ്ട് തരം ട്രെയിനുകളാകും ഈ ശൃംഖലയിൽ ഓടുക. ഡിസൈനിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഇവയിലെ ക്ലാസുകളുടെ ഘടന ഒരേപോലെയായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top