
അഫ്ഗാനിസ്താനിൽ ഇന്റർനെറ്റ് പൂർണമായി റദ്ദാക്കി താലിബാൻ സർക്കാർ. ആഴ്ചകൾക്ക് മുമ്പേ ഇന്റർനെറ്റിന്റെ വേഗത കുറച്ച് നടപടികൾ ആരംഭിച്ചിരുന്നു. മാത്രമല്ല, ഏതാനും ദിവസങ്ങളായി രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് കണക്ഷനുകൾ വിച്ഛേദിച്ചും തുടങ്ങിയിരുന്നു. നിലവിൽ പൂർണമായ ഇന്റർനെറ്റ് നിരോധനത്തിലാണ് രാജ്യം. അഫ്ഗാനിസ്താനിലുടനീളം മൊബൈൽ ഇന്റർനെറ്റും സാറ്റലൈറ്റ് ടി.വി ബന്ധവും തടസ്സപ്പെട്ടെതായാണ് റിപ്പോർട്ട്.
അധാർമിക പ്രവൃത്തികൾ തടയാനെന്ന പേരിലാണ് താലിബാന്റെ നടപടി. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചോടെയാണ് ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാതായത്. പിറ്റേന്ന് ചൊവ്വാഴ്ച രാവിലെ ബാങ്കിങ് സേവനങ്ങളും മറ്റ് ബിസിനസുകളും പുനരാരംഭിക്കേണ്ട സമയത്താണ് സംഭവത്തിന്റെ വ്യാപ്തി പലർക്കും മനസ്സിലായത്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുകയോ ഇവിടെ എത്തിച്ചേരുകയോ ചെയ്യേണ്ടിരുന്ന എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ്റാഡാർ24 പറഞ്ഞു.
ഈ മാസം ആദ്യത്തിൽ താലിബാൻ നേതാവ് ഹിബത്തുല്ല അഖുന്ദ്സാദയാണ് പ്രവിശ്യകളിലെ ഫൈബർ-ഒപ്റ്റിക് കണക്ഷനുകൾ വിച്ഛേദിക്കാൻ ഉത്തരവിട്ടിരുന്നത്. ഇന്റർനെറ്റിനായി ഒരു ബദൽ മാർഗം സൃഷ്ടിക്കുമെന്ന് താലിബാൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. ബ്ലാക്ക്ഔട്ട് സംബന്ധിച്ച് താലിബാൻ സർക്കാറിൽനിന്ന് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം ഷട്ട്ഡൗൺ തുടരുമെന്ന് താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.