ublnews.com

അപകടം ഉണ്ടായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുത് ; ദുബായ് പൊലിസ് മുന്നറിയിപ്പ്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികന് ഗുരുതര പരുക്കേറ്റതിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി ദുബൈ പൊലിസ്. ബുധനാഴ്ച രാവിലെ ഷാര്‍ജയിലേക്കുള്ള ഹിസ്സ പാലത്തിന് തൊട്ടു പിന്നില്‍ മെക്കാനിക്കല്‍ തകരാര്‍ മൂലം ട്രക്ക് നിര്‍ത്തിയപ്പോഴായിരുന്നു മോട്ടോര്‍ സൈക്കിള്‍ പിന്നിലിടിച്ചത്. യാത്രികനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വാഹനമോടിക്കുന്നവര്‍ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തരുതെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. മതിയായ കാരണമില്ലാതെ വാഹനം നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആര്‍ട്ടിക്കിള്‍ 98 പ്രകാരം 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ഗതാഗത തടസം സൃഷ്ടിച്ചതിന് 500 ദിര്‍ഹം അധിക പിഴയും ലഭിക്കുമെന്ന് ദുബൈ പൊലിസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ പറഞ്ഞു.

റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്നത് ഏറ്റവും അപകടകരമായ നിയമ ലംഘനങ്ങളില്‍ ഒന്നാണെന്നും ഇത് പലപ്പോഴും മരണങ്ങള്‍ക്കും ഗുരുതര പരുക്കുകള്‍ക്കും കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ പുറപ്പെടുന്നതിന് മുന്‍പ് തന്നെ നല്ല കണ്ടീഷനുള്ളതാണെന്ന് ഉറപ്പാക്കണമെന്നും വാഹനം നീങ്ങുമ്പോള്‍ തകരാര്‍ സംഭവിച്ചാല്‍ ഉടന്‍ പൊലിസിനെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അത്തരം സന്ദര്‍ഭങ്ങളില്‍, പൊലിസ് പട്രോളിങ് വാഹനത്തിന് സുരക്ഷ ഒരുക്കുകയും യാത്രക്കാരെയും മറ്റ് റോഡ് ഉപഭോക്താക്കളെയും സംരക്ഷിക്കാന്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കുകയും ചെയ്യും” അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top